Blog photo

കഥകളൊഴുകുന്ന നാട്

കാലാവസ്ഥ നിമിത്തം വാർത്താ ചാനലുകളിലെന്നും നിറഞ്ഞു നിൽക്കുന്നൊരു ഇടമാണ് ഇപ്പോൾ പുനലൂർ... പറഞ്ഞാൽ തീരാത്തയത്ര കഥകളുള്ള ഒരു നാടാണത്.

നദിയുടെ നാടാണ് പുനലൂർ. തമിഴ് വാക്കുകളായ (പുനൽ - നദി) ,+ഊര് എന്നിവ ചേർന്നാണ് പുനലൂർ ആയത് ...

വളവു തിരിഞ്ഞു കയറി വരുമ്പോൾ തന്നെ ചരിത്ര പ്രധാനമായ തൂക്കു പാലം കാണാൻ കഴിയും. കല്ലടയാറിനു മുകളിൽ ആൽബർട്ട് ഹെൻറി എന്ന സ്‌കോട്ടീഷുകാരൻ 1877 പണിതീർത്ത തൂക്കു പാലം ഇപ്പോഴും വലിയ മാറ്റങ്ങളില്ലാതെ നിലനിൽക്കുന്നു. വ്യത്യസ്തമായ സംസ്‍കാരവും ഭൂപ്രകൃതി സൗന്ദര്യവും പുനലൂരിന്റെ പ്രത്യേകതയാണ്. അതിലുപരി അവിടെ ജനിച്ച ഓരോരുത്തരെയും തന്നിലേക്ക് ആകർഷിക്കുന്ന എന്തോ ഒന്നു പുനലൂരിനുണ്ട്,

ഓരോ അവധിക്കാലത്തും പുനലൂരിലേക്കു വണ്ടി കയറുമ്പോൾ ആവേശം തോന്നുമായിരുന്നു .... ആലിനെ ചുറ്റി നിൽക്കുന്ന കെ എസ് ആർ ടി സി സ്റ്റാൻഡും പഴക്കം ചെന്ന ബസുകളും ഒക്കെ ഒരു പ്രത്യേക കാഴ്ചാനുഭവം തന്നെയാണ്. എന്റെ തീരെ ചെറുപ്പത്തിൽ കെ എസ് ആർ ടി സി ബസ് നരിക്കലേക്കു പോകുന്ന ബസ് ആണെന്ന് ചേട്ടൻ പറഞ്ഞു തന്നു. അന്നൊക്കെ ഏതു

കെ എസ് ആർ ടി സി ബസ് കണ്ടാലും നരിക്കല് ബസെന്നു ഞാൻ അത്ഭുതത്തോടെ പറയും...

പുനലൂർ ഗവർമെന്റ് വിദ്യാലയത്തിന്റെ താഴെ ഒരുപാട് കടവാവലുകൾ തല കീഴായി ഉറങ്ങുന്ന ഒരു മരമുണ്ട്. ആ വലിയ മരത്തിന്റെ ചുവട്ടിൽ അപ്പുപ്പൻ കാവും അമ്മുമ്മ കാവും ഉണ്ട്. അതിനപ്പുറത്തേക്കൊരു തോടും കാണാം. പണ്ടത്തെ പല വിദ്യാർത്ഥികളും പരീക്ഷാ കാലത്തും അല്ലാതെയും ഒക്കെ നാണയങ്ങൾ അപ്പൂപ്പൻ കാവിലേക്കു എറിഞ്ഞിരുന്നു. വികൃതികളായ എത്രയോ ആൺകുട്ടികൾ അതെടുത്ത് കൊണ്ട് പോയി ഐസ് സ്റ്റിക്ക് വാങ്ങിയിരുന്നു...

പുനലൂർ ചന്ത മറ്റൊരു പ്രത്യേകതയാണ്. പണ്ടൊക്കെ വ്യാഴാഴ്ച ആയിരുന്നു പ്രധാനപ്പെട്ട ചന്ത ദിവസം. തമിഴ് നാട്ടിലേയും പുനലൂരിന്റെ തന്നെ ഉൾ നാട്ടിലേയും ആളുകൾ ആ ചന്തയിൽ വരുമായിരുന്നു.. ഒരുപാട് കൊല്ലം മുൻപ് ചന്ത ദിവസത്തിൽ അഞ്ചലിൽ നിന്നുള്ളൊരാൾ വന്നു നാട്ടിൽ നടന്ന സംഭവങ്ങൾ പാട്ടായി പാടുമായിരുന്നു..

"കള്ളനൊരുത്തൻ കാവലിരുന്നു ..."

എന്നൊക്കെ ആയിരുന്നത്രേ ആ പാട്ട്. വർഷങ്ങൾ കുറെ അങ്ങു പോയപ്പോൾ കാല യവനികയ്ക്കുള്ളിൽ അവരൊക്കെ മറഞ്ഞു പോയി. ഇന്നത്തെ ചന്ത ഒരു നിഴല് മാത്രമാണ്.

മറ്റുള്ളവരോട് കളിയായിട്ടും കോപമായിട്ടും നമ്മളെത്ര തവണ ജയഭാരതത്തിന്റെ [ ഭ്രാന്താശുപത്രി} കാര്യം പറഞ്ഞിരിക്കുന്നു...

പുനലൂർ പേപ്പർ മില്ല് പൂട്ടിയ കാലത്ത് സമരം ശക്തമായിരുന്നു. നഷ്ട പരിഹാരം കിട്ടും എന്നൊക്കെ അന്നത്തെ ആളുകൾ വിചാരിച്ചിരുന്നു. എന്നാലത് ഉണ്ടായതായി അറിവില്ല.

മീറ്റർഗേജ്ജ് തീവണ്ടിപ്പാതയും അതിലൂടെ ഞരങ്ങി ഓടിയിരുന്ന ജനതയും ഷഡ്ഢിലും മദ്രാസിനു പോയിരുന്ന സൂപ്പറും ഒക്കെ ഒരു കാലത്തെ തീവണ്ടി ഓർമ്മകളാണ്.

ഉയരത്തിൽ ഇരിക്കുന്ന എസ് എൻ കോളേജും അതിനടുത്തായുള്ള ചെമ്മന്തൂർ ഹൈ സ്കൂളുമൊക്കെ ഒരുപാട് തലമുറയെ കണ്ടിരിക്കുന്നു. അപൂർവം ചില മനുഷ്യരും ഈ നാട്ടിൽ ജീവിച്ചിരുന്നു.

'പ്രിൻസ് ഓഫ് പുനലൂർ '

എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരാളുണ്ടായിരുന്നു. മനോ നില തെറ്റിയതെറ്റിയ ആ മനുഷ്യൻ അഞ്ചും ആറും ഉടുപ്പുകൾ ഇട്ട് മാത്രമേ നടന്നിരുന്നുള്ളു. കൈയിലും കാലിലും ആറു വിരലുകൾ ഉണ്ടായിരുന്ന ആറു മുഖൻ എന്ന ചുമട്ടുകാരനെ അക്കാലത്ത് ഭയത്തോടെ മാത്രമേ കുട്ടികൾ കണ്ടിരുന്നുള്ളൂ. ഒരു ശനിയാഴ്ച ദിവസം ആ മനുഷ്യൻ ഓടയിൽ മരിച്ചു കിടന്നിരുന്നു. ഗവർമെന്റ് സ്കൂളിലെ ബഷീർ സാറും അങ്ങനെയാണ് മരിച്ചു കിടന്നതെന്നാണ് ഓർമ്മ.

ഒരു ഭരണി ഉത്സവത്തിനിടയിൽ പ്രശ്നങ്ങളിൽ പെട്ട് ഓടുമ്പോൾ തലയിലൂടെ വണ്ടി കയറി മരിച്ച കൂട്ടുകാരന്റെ പ്രേതം കയറിയ ഒരാൾ പുനലൂർ ഉണ്ടായിരുന്നു. എന്നും എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം ആ പ്രേതം കയറിയ ആൾ പറഞ്ഞ കുറെ പഴയ കാര്യങ്ങളും കൂട്ടുകാരന്റെ മരണത്തിലെ സത്യങ്ങളും പിന്നീടുള്ള ആ വ്യക്തിയുടെ പെട്ടെന്നുള്ള മരണവുമാണ്,..

നിരവധി പ്രമുഖർ പിറന്ന മണ്ണാണ് പുനലൂർ. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിയ അഗ്നി സാക്ഷി എന്ന നോവൽ എഴുതിയ ലളിതാംബിക അന്തർജ്ജനം ഒരു പുനലൂരുകാരിയാണെന്ന സത്യം എത്ര പേർക്കറിയാം? പുനലൂർ ബാലൻ എന്ന കവിയും പുനലൂർ രാജൻ എന്ന ഫോട്ടോഗ്രാഫറും റസൂൽ പൂക്കുട്ടി എന്ന ഓസ്കാർ ജേതാവും സോഹൻ റോയ്, എം എ നിഷാദ് എന്ന സംവിധായകരും കൊളുത്തുപ്പുഴ രവി എന്ന രവീന്ദ്രൻ മാസ്റ്ററും ഒക്കെ തന്നെ പുനലൂരിനോട് / ചുറ്റുപാടിനോടൊ ചേർന്ന് നിൽക്കുന്നു...

അച്ഛൻ എം എ നായർക്ക് വേണ്ടി പ്രസംഗിച്ചിരുന്നു ഒരു എട്ടു വയസുകാരനെ പഴയ പുനലൂരുകാർക്ക് അറിയാം.. പുനലൂരിന്റെ ചെയർമാൻ ആയി മാറിയിരിക്കുന്ന എം എ രാജഗോപാലാണാ പഴയ കുട്ടി..

കഥകൾ ഒരുപാട് ഒഴുകുന്ന നാടാണ് പുനലൂർ... ഇനിയും എത്രയോ ജീവിതങ്ങളെ കുറിച്ചു എനിക്ക് പറയുവാൻ ഉണ്ട്... കാലമത്രയും കടന്നിട്ടും മാറ്റങ്ങൾക്കു വിധേയമാകാൻ പുനലൂർ മടിക്കുന്നു.. അലിമുക്കിലെ

'തായിസ് ' ലോട്ടറിക്കട നടത്തുന്ന രത്‌നകുമാർ പറഞ്ഞത് :

" ഞങ്ങൾ പുനലൂരുകാർ പഴമയേയും പൈതൃകത്തെയും കൈവിട്ടു കളയാൻ ഉദ്ദേശിക്കുന്നില്ല...."

ഒരു പുനലൂരുകാരനായി ജനിച്ചതിൽ ഞാനും ഏറെ അഭിമാനിക്കുന്നു....-

SGM

Top