'' മോഹനേട്ടാ... മോഹനേട്ടന്‍ എന്തിനാണ് ബ്ലോഗിന് കുഴിമാടോന്ന് പേരിട്ടിരിക്കുന്നത്? ''
ചോദ്യത്തോടൊപ്പമുള്ള അവളുടെ കൗതുകവും എനിക്ക് നന്നായി അനുഭവപ്പെട്ടു. അല്ലെങ്കിലും എല്ലാ ചോദ്യങ്ങള്‍ക്കുമൊപ്പവും ഓരോ വികാരങ്ങളുണ്ടാകും. ചിലപ്പോളത് ഭ്രാന്താകാം ചിലപ്പോള്‍ സ്‌നേഹമാകാം വേറെചിലപ്പോള്‍ ദേഷ്യമാകാം. അപൂര്‍വം സമയങ്ങളില്‍ അതുത്തരവുമാകും. പക്ഷെ എല്ലാ ചോദ്യങ്ങള്‍ക്കുമൊപ്പം പകുതി രൂപമുള്ള ഒരുത്തരമുണ്ടാകും, സംശയം.
'' എന്റെ ഓര്‍മകള്‍ക്ക് മണ്ണിന്റെ ഗന്ധമാണ് അമ്മിണി. അല്ലെങ്കില്‍ എന്റെ ഭൂതകാലം മറവ് ചെയ്യപ്പെട്ടിട്ടും ഇപ്പോഴും സ്പന്ദിക്കുന്നുണ്ട്''
ആ മറുപടിയില്‍ അമ്മിണി തൃപ്തയല്ലെന്ന് ഫോണിന്റെ മറുതലയ്ക്കലെ നിശബ്ദത സൂചിപ്പിക്കുന്നുണ്ട്. പക്ഷെ അസ്വസ്ഥതകളാണ് ഒരാള്‍ക്ക് മറ്റൊരാളിലേക്ക് എത്താനുള്ള പ്രേരണ. കഴിഞ്ഞപ്രളയകാലത്ത് സ്‌കൂള്‍ ക്യാമ്പില്‍ വച്ചാണ് ഞാനമ്മിണിയെ ആദ്യമായി കാണുന്നത്. മഴ നിറുത്താതെ ദിവസങ്ങളോളം തൂകിയപ്പോള്‍ കര കുറഞ്ഞുകുറഞ്ഞു വന്നു. കൈയില്‍ കിട്ടിയതൊക്കെയായി രാക്ഷസ ടിപ്പറുകളില്‍ ആളുകള്‍ പരക്കംപായുകയായിരുന്നു. അതിനിടയില്‍ ഒരുവീല്‍ചെയറിലാണ് അമ്മിണി ക്യാമ്പിലേക്കെത്തിയത്. ഞങ്ങളുടെയാ ക്യാമ്പ് ഒരു സര്‍ക്കാര്‍ എല്‍പി സകൂളിലായിരുന്നു. അതിന്റെ പുറംഭിത്തികളില്‍ ആകെ തീവണ്ടിയുടെ ചിത്രം വരച്ചിരുന്നു. അതിനാല്‍ ഞങ്ങള്‍ക്കൊക്കെ അവിടുത്തെ ജീവിതം യാത്രയായിത്തോന്നി. വരാന്തയിലും മുറ്റത്തുമായി ആളുകള്‍ അവശേഷിപ്പുകളെക്കുറിച്ച് വാചാലരാകും. ചിലര്‍ നെടുവീര്‍പ്പിടും. എന്നാല്‍ പിന്നേയും മഴ പെയ്യുമ്പോള്‍ മറ്റെല്ലാവരും ക്ലാസ് മുറികളിലേക്ക് ഓടിക്കേറും. അപ്പോള്‍ ഞാനും അമ്മിണിയും മാത്രം മഴ നോക്കിനിന്നു. ആ കാഴ്ചകള്‍ ആവര്‍ത്തിച്ചപ്പോളാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അമ്മിണി... കുറച്ചുദിവസംകൊണ്ട് അവള്‍ എല്ലാവരുടെയും പ്രിയങ്കരിയായി മാറി. ചക്രക്കസേരയിലായി ഓരോ ക്ലാസ് മുറിയും ഇടനാഴിയും മുറ്റവും അവള്‍ സഞ്ചരിച്ചു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അതേ സ്‌കൂളിന്റെ ബസ് കയറിയാണ് അമ്മിണിയുടെ കാലുകള്‍ തകര്‍ന്നുപോയത്. പക്ഷെ അവള്‍ പിന്നെയും പഠിച്ചു. ഒടുവില്‍ സര്‍ക്കാര്‍ സര്‍വീസിലും കയറിപ്പറ്റി; അതും ജലസേചനവകുപ്പില്‍. പരിചയപ്പെട്ടപ്പോള്‍ വലിയ സൗകര്യങ്ങളുള്ള വീടാണ് അമ്മിണിയുടേതെന്ന് എനിക്ക് മനസിലായി.
'' എന്നിട്ടും നീയെന്താ വിവാഹം കഴിക്കാത്തത്?''
'' വേണ്ടാന്നുവച്ചു''
ആ വിഷയത്തില്‍ മറ്റൊരു ചോദ്യം കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ അവളപ്പോള്‍ത്തന്നെ ചക്രക്കസേരയുമായി പിന്‍വാങ്ങി.
പിന്നീടൊരിക്കല്‍ എന്തിനാണ് അമ്മിണിയെന്ന് പേരിട്ടതെന്ന് ഞാനവളോട് തിരക്കി.
''പേരും ഒരു സ്മാരകമല്ലെ മോഹനേട്ടാ...'' എന്നായിരുന്നു അവളുടെ മറുപടി. ശരിയാണ് ഓരോ പേരും ഒരു ചരിത്രത്തിന്റെ അതല്ലെങ്കില്‍ പോയവരുടെ അവശിഷ്ടങ്ങളാണ്. പലരും, പലതും മറ്റാരെയൊ ചുമക്കുകയാണ്. എന്നിരുന്നാലും വളര്‍ത്തുമൃഗങ്ങള്‍ അക്കാര്യത്തില്‍ കുറച്ചുകൂടി ഭാഗ്യമുള്ളവയാണ്. ആ പേരില്‍ ഒരിഷ്ടംമാത്രമാണുണ്ടാകാറ്... അതെന്തുകൊണ്ടാണെന്ന് എനിക്കുമറിയില്ല.
ഒരുദിവസം അമ്മിണി എന്നോട് തിരക്കി
''എന്തിനാ എപ്പോഴും ഇങ്ങനെ മഴ കാണുന്നത്?''
'' ഓരോ തുള്ളിയും ഓരോ അക്ഷരങ്ങളായി മാറുന്നതുകൊണ്ട്.''
ആ മറുപടിയില്‍ അവള്‍ക്കേറെ കൗതുകമുണ്ടായിക്കാണണം. കണ്ണുകളാകെ വിടര്‍ന്ന് നോട്ടം ഒരു ശലഭത്തെപ്പോലെ ചിറകടിക്കുന്നത് എനിക്കപ്പോള്‍ കാണാന്‍ കഴിഞ്ഞു.
ക്യാമ്പിലുണ്ടായിരുന്ന ഞങ്ങള്‍ക്കൊരു വാട്സാപ്പ് ഗ്രൂപ്പുണ്ടായി. ഷാനു എന്നൊരു ഫ്രീക്കന്‍ പയ്യനായിരുന്നു അതിന്റെ അഡ്മിന്‍. അതില്‍ പ്രളയകാലത്തെ ചിത്രങ്ങളും വാര്‍ത്തകളും വന്നുനിറഞ്ഞു. സഹായിക്കാനെത്തിയവരും ഗ്രുപ്പിലുണ്ടായിരുന്നു. ആ ദിവസങ്ങളില്‍ ഒരുപാട് ചെറുപ്പക്കാര്‍ സഹായവുമായി എല്ലാ ക്യാമ്പിലും എത്തി. പത്രത്തിലൊ ടിവിയിലൊ പടംവരില്ലെന്ന് അറിഞ്ഞിട്ടും സ്വന്തം ജീവന് പുല്ലുവില കല്‍പിച്ചിറങ്ങിയ കുറെ ചെറുപ്പക്കാര്‍ ആ ദിവസങ്ങളില്‍ കേരളത്തിന്റെ മിക്കയിടങ്ങളിലും ഉണ്ടായിരുന്നു. സന്ദര്‍ശകരില്‍ ചിലര്‍ പാടി, വേറെചിലര്‍ ഒരുപാട് കാലം പരിചയമുള്ളതുപോലെ വര്‍ത്തമാനം പറഞ്ഞു. അതൊക്കെ എല്ലാവര്‍ക്കും വലിയ ആത്മവിശ്വാസം പകര്‍ന്നു. അതുവരെ അവരെ കഞ്ചാവ് പിള്ളേരായി എഴുതിത്തള്ളിയ പലരും സ്വന്തം മനസാക്ഷിക്ക് മുന്നില്‍ ഇളിഭ്യരായിപ്പോയി. വെള്ളം സകലരേയും വെളിച്ചത്താക്കിയ കുറേ നാളുകള്‍. വെള്ളം ഇറങ്ങിയപ്പോള്‍ എല്ലാവരും മടങ്ങി. ചിലര്‍ക്ക് എങ്ങോട്ടെന്ന് നിശ്ചയമില്ലായിരുന്നുവെങ്കിലും അവിടുന്നിറങ്ങി.
ആ വാട്സാപ്പ് ഗ്രൂപ്പ് ഇപ്പോഴും നിലവിലുണ്ട്. ഡാവിഞ്ചി സുരേഷിന്റെ പ്രളയ ശില്‍പ്പമാണ് ഡിപിയായിട്ടുള്ളത്. പക്ഷെ മിക്കവരും അതില്‍ നിന്ന് ലെഫ്റ്റ് ആയി്. ഞാനും എന്റെ ലോകത്തേക്ക് ഒതുങ്ങി. പക്ഷെ അമ്മിണിയെ മാത്രം മറക്കാന്‍ തോന്നിയില്ല. ആകാശം കറുക്കുമ്പൊഴൊക്കെ അമ്മിണി കൂട്ടുവന്നു. ഒരുദിവസം ഞാനവളോട് ഞാനവളെ വിവാഹം ചെയ്യട്ടേയെന്ന് ചോദിച്ചു.
''വേണ്ട മോഹനേട്ടാ നമുക്കിങ്ങനെ വര്‍ത്തമാനം പറഞ്ഞാല്‍ മതി'' അതായിരുന്നു മറുപടി.
ഒരുപാട് സംസാരിച്ചാല്‍ പ്രണയമല്ലാ നിശബ്ദതയാണ് ഉണ്ടാകാന്‍ പോകുന്നതെന്നു പിന്നീട് ഞാനമ്മിണിയെ ഓര്‍മ്മിപ്പിച്ചു. അവളപ്പോള്‍ നിശബ്ദതപാലിക്കുക മാത്രമാണ് ചെയ്തത്.
അമ്മിണി മഴയിലും സ്നേഹിച്ചത് കടലിനെയാണ്. ഓരോ തിരയും താന്‍ കരയെ തൊട്ട കഥപറയുമ്പോള്‍ അതിലാവേശംപൂണ്ട് അതിലുമുയര്‍ന്ന് ആര്‍ത്തലച്ചെത്തുന്ന അടുത്ത തിര. അതൊരു തീരാക്കാഴ്ചയാണ്. ഈ പ്രപഞ്ചത്തില്‍ ഏറ്റവും ആയുസുള്ളതും തിരയ്ക്ക് തന്നെയാകാം. ഈ ഭൂമിയില്‍ ഒരുകടലും ഒരുകരയും മാത്രമാണുള്ളത്. അവ കലഹിച്ചും തമ്മില്‍ നോവിച്ചും എല്ലായിടത്തും ഒളിഞ്ഞുംതെളിഞ്ഞും കിടക്കുപ്പുണ്ടെന്നുമാത്രം.
കഴിഞ്ഞദിവസം ഞാനെന്റെ കുഴിമാടത്തില്‍ കടലെന്നെഴുതിയിട്ടു. അതുവായിച്ചിട്ടാകാം കടല്കാണാന്‍ താന്‍ വരുന്നുണ്ടന്ന് അമ്മിണി പറഞ്ഞത്.
''അമ്മിണി... നമുക്കൊരു കുഞ്ഞുണ്ടാകുമ്പോള്‍ അവന് മുക്കുവനെന്ന് പേരിടണം'' എന്റേതൊരു വോയ്സ് മെസ്സേജായിരുന്നു. കുറച്ചിടവേളയ്ക്ക് ശേഷം ഫോണ്‍ ചിലച്ചു.
'' ശരിയാണ് മോഹനേട്ടാ. ആ പേരൊരു സ്മാരകമല്ല, നന്മയാണ്...''
ഇപ്പോള്‍ ഞാന്‍ കടല്‍തീരത്താണ്. കടലൊരു ഘടികാരമാണ്. ഓരോ സമയസൂചികയും എന്നെതൊട്ട് പിന്‍വാങ്ങുമ്പോഴും പിറകില്‍ അവളുടെ ചക്രക്കസേരയുടെ മുരളലാണ് ഞാന്‍ കാത്തിരിക്കുന്നത്...
SARATH G MOHAN