പൂർണ ചന്ദ്ര ജോഷി എന്ന പി സി ജോഷി; ഇന്ത്യ കണ്ട ഏറ്റവും മഹാനായ കമ്മ്യൂണിസ്റ്റ് ജനറൽ സെക്രട്ടറി. കലയും കലാപ്രസ്ഥാനവും കലാകാരന്മാരും രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിന് സജീവമാകുവാൻ ആഹ്വാനം ചെയ്ത പാർട്ടി സെക്രട്ടറി. ഇപ്റ്റ എന്ന മഹാപ്രസ്ഥാനത്തിന് വിത്തുപാകിയത് സഖാവ് പി സി ജോഷിയാണ്.
1907 ഏപ്രിൽ 14ന് ഉത്തർ പ്രദേശിലെ അൽമോറയിലായിരുന്നു പി സി ജോഷിയുടെ ജനനം. പിതാവ് ഹരിനന്ദൻ ജോഷി അധ്യാപകനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അലഹബാദ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. ഗാന്ധി ആശയങ്ങൾക്കൊപ്പം സഞ്ചരിച്ച പി സി, വിദ്യാർത്ഥിയായിരിക്കേ തൊഴിലാളികളുടെയും കർഷകരുടെയും പ്രശ്നങ്ങളിൽ ഇടപ്പെട്ടു. അവരെ സംഘടിപ്പിച്ചു. 1928 ൽ മീററ്റിൽ രൂപീകരിച്ച തൊഴിലാളികളുടെയും കർഷകരുടെയും സംഘടനയുടെ ജനറൽ സെക്രട്ടറിയായി. അലഹബാദിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിൻ്റെ ഭാഗമായി മാറിയതോടെ ചരിത്രത്തിൻ്റെ ഒരു അധ്യായത്തിനാണ് തുടക്കമായത്.
ഇടതു ചായ്‌വ് ഉള്ള കോൺഗ്രസുകാരെയും വിദ്യാർത്ഥികളെയും ഒപ്പം നിർത്തിയായിരുന്നു ആ കുതിപ്പ്. 1929ൽ മീററ്റ് ഗൂഢാലോചന കേസിൽ പ്രതിയായി ജയിലിലടയ്ക്കപ്പെടുമ്പോൾ, പി സി ജോഷിക്ക് 22 വയസേ ഉണ്ടായിരുന്നുള്ളൂ. ആറ് വർഷം ആൻഡമാൻ നിക്കോബൻ ദ്വീപുകളിലേക്ക് നാടുകടത്തപ്പെട്ടു. പ്രായം കണക്കിലെടുത്താണ് അന്ന് ബ്രിട്ടീഷ് ഭരണകൂടം, ശിക്ഷ മൂന്ന് വർഷമായി വെട്ടിക്കുറച്ചത്. 1933 ൽ ജയിൽ മോചിതനായി. പിന്നീട് കാൺപൂരിലെ തൊഴിലാളികൾക്കിടയിൽ സജീവമായി. 1934 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ച കാലത്ത് ഒളിവിലിരുന്നും പ്രവർത്തനങ്ങൾ നടത്തി.
രാജ്യത്ത് അങ്ങിങ്ങായി ചിതറിക്കിടന്ന കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെയാകെ ഒന്നിപ്പിച്ചതും അദേഹത്തിൻ്റെ നേതൃത്വത്തിലായിരുന്നു. 1935 ൽ സൂററ്റിൽ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ യോഗം ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രഥമ ജനറൽ സെക്രട്ടറിയായി ജോഷിയെ തിരഞ്ഞെടുത്തു. 12 വർഷക്കാലം അദ്ദേഹം ആ ചുമതല നിർവഹിച്ചു.
പാർട്ടിയെ വളർത്തുന്നതിൽ ബഹുജന സംഘടനകൾക്കുള്ള പങ്ക് തിരിച്ചറിഞ്ഞായിരുന്നു പി സിയുടെ മുന്നേറ്റം. രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വർഗ ബഹുജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും അതിന് നേതൃത്വം നൽകിയതും പി സി ജോഷിയാണ്. അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് എന്ന എഐടിയുസി, അഖിലേന്ത്യാ കിസാൻ സഭ, എഐഎസ്എഫ് എന്ന അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷൻ എന്നിവ രൂപീകരിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചു.
സ്വതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ രാജ്യത്തെ എഴുത്തുകാരെയും കലാകാരന്മാരെയും സംഘടിപ്പിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറക്കിവിട്ടു. ആദ്യം പുരോഗമന ചിന്താഗതിക്കാരായ എഴുത്തുകാരെയാണ് പി സി ജോഷി ഉണർത്തിയത്. പിന്നീട്, അതിൻ്റെ ചുവടുപിടിച്ചു തന്നെ കലാകാരന്മാരെ സംഘടിപ്പിച്ചു. നാടക കലാകാരന്മാരെയാണ് അദ്ദേഹം പ്രധാനമായും ഉന്നം വച്ചത്. കൽക്കത്തയിൽ നിന്ന് ബോംബെയിലേക്ക് പാർട്ടി ആസ്ഥാനം മാറിയതോടെ ജോഷിയും സഖാക്കളും ഒരു കമ്മ്യൂണിലായി താമസവും പ്രവർത്തന ആസൂത്രണവും എല്ലാം. പാർട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളായ ഡോ. ജി അധികാരിയും ബി ടി രണദിവെയും കേന്ദ്ര കമ്മിറ്റിയിലെ ചില നേതാക്കളും അവിടെ ഉണ്ടായിരുന്നു. അവിടേയ്ക്ക് നാടക പ്രവർത്തകരും മറ്റു കലാകാരന്മാരും വന്നു ചേർന്നു.
പാർട്ടിയുടെ സെൻട്രൽ കൾച്ചറൽ സ്ക്വാഡ് എന്ന രീതിയിൽ കലാകാരന്മാർ ബോംബെയിൽ പ്രവർത്തിച്ചു. കമ്മ്യൂണലിൽ താമസിച്ചു. ക്ഷാമബാധിത ബംഗാൾ മുഴുവനും ചുറ്റിക്കറങ്ങി 'ഹങ്റി ബംഗാൾ' എന്ന പുസ്തകം തയ്യാറാക്കിയ ഫോട്ടോ ഗ്രാഫർ സുനിൽ ഝാനയും ചിത്രകാരനും എഴുത്തുകാരനുമായ ചിത്ത പ്രസാദും ബോബെയിലെ മറ്റൊരു കമ്മ്യൂണലിൽ താമസിച്ചിരുന്നു. ഇവരും പി സി ജോഷിയുമായി അടുപ്പം കൂടി. കൈഫി ആസ്മിയും കിഷൻ ചന്ദറും കെ എ അബ്ബാസും യശ്പാലും ബൽരാജ് സാഹ്നിയും ദമയന്തി സാഹ്നിയും ഹബീബ് തൻവീറും പണ്ഡിറ്റ് രവിശങ്കറും രൊമേഷ് ഥാപ്പറും രാജ് ഥാപ്പറും കമ്മൂണലിലെ നിത്യ സന്ദർശകരും പിന്നീട് അവിടത്തെ താമസക്കാരുമായി മാറി. കൂടുതൽ കൂടുതൽ കലാകാരന്മാരും എഴുത്തുകാരും ഒപ്പം ചേർന്നു.
അങ്ങനെ പി സി ജോഷിയുടെ ആശയത്തിൽ നിന്ന് പ്രോഗ്രസീവ് റൈറ്റേഴ്സ് മൂവ്മെൻ്റും വൈകാതെ ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷനും പിറന്നു. രാജത്തിൻ്റെ സ്വാതന്ത്ര്യമായിരുന്നു ലക്ഷ്യം. ഒപ്പം എഴുത്തുകാരുടെയും കലാകാരന്മാരുടെയും പിന്തുണയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചയും പി സി ജോഷി ഈ സംഘടനകളിലൂടെ ഉന്നം വച്ചു.
ഇന്നും ജനങ്ങളുടെ പക്ഷത്തു നിന്ന് ജനങ്ങളെ താരങ്ങളാക്കുന്ന ജനകീയ കലകളുമായി ഇന്ത്യൻ പീപ്പിൾസ് തിയറ്റർ മുന്നോട്ടു പോകുമ്പോൾ, അതിന് സഖാവ് പി സി ജോഷിയുടെ സ്മരണകൾ ഊർജവും കരുത്തും ആവേശവും തന്നെയാണ്.