Article photo

അമ്മയും മക്കളും

(നാടകം - മനോധർമ്മാദിനയത്തിനായി)

ചാക്കോ ഡി അന്തിക്കാട്

✍️
ദൂരെ
ലോകം കിടുങ്ങുംവിധം
ഭീകര കൂട്ടനായ്ക്കുരകൾ.

അമ്മ കുഞ്ഞിനെ മാറോട് ചേർത്ത്
ഭയന്നു, ഓടിയൊളിക്കാൻ ശ്രമിക്കുന്നു.

"പോ പട്ടികളെ, നായ്ക്കളെ, ചെന്നായ്ക്കളെ!
'യുദ്ധത്തിന്റെ 3 ചെന്നായ്ക്കൾ'-
എന്ന് ഷേയ്ക്ക്‌സ്പിയർ പറഞ്ഞത് വെറുതെയല്ല - 3 'F' s - Fire, Fear & Famine!"

എന്ന് അലറുന്നുണ്ട്.

(Pause - ചുറ്റും നോട്ടം)

നായ്കുര നിശബ്ദം.

അമ്മ ഒരു താരാട്ട് പാടാൻ ശ്രമം.

അൽപ്പം ആശ്വാസം

അതാ, ഒരു നായയുടെ കുര വീണ്ടും...

ഇപ്പോൾ അൽപ്പം അടുത്തപോലെ...

(Pause)

അമ്മ ഒരു യുദ്ധവിരുദ്ധ കവിത ഉറക്കെ ചൊല്ലുന്നു...

3 നായ്ക്കളുടെ കുര വീണ്ടും...
അടുത്തു വരുന്നു

ഇപ്പോൾ
അൽപ്പംകൂടി ക്ലോസ്...

ഭയം പെരുകുന്നു...

(Pause)

അമ്മ ചുറ്റും നോക്കുന്നു.

ശ്രീനാരായണ ഗുരുവിന്റെ കവിത ആലപിക്കുന്നു.

(ഈ തിരഞ്ഞെടുപ്പ് ടീമിനു വിടുന്നു.
എന്തും തിരഞ്ഞെടുക്കാം -
കവിത, മുദ്രാവാക്യം, etc)

ഗ്രൂപ്പ് നായ്ക്കുര വീണ്ടും കുറേകൂടി അടുത്തു വരണം.

ഇപ്പോൾ നായ്ക്കൾ അമ്മയെയും മക്കളെയും വളയുന്നുണ്ട്!

(Pause)
ഒടുവിൽ
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം
പല പിച്ചിൽ,
അമ്മ വായിക്കുന്നു...

നായ്ക്കൾ ആക്രമണം തുടർന്നെങ്കിലും
അമ്മയുടെ വായനയുടെ ഊർജ്ജം കൂടിവരുന്നതിനനുസരിച്ച്,
കാണികൾകൂടി അത് ഏറ്റെടുത്തപ്പോൾ,
നായ്ക്കൾ
ദൂരേക്ക്.. ദൂരേക്ക്...

(Pause)

ചുറ്റും നിശബ്ദത...

ഇപ്പോൾ പ്രാവുകൾ കുറുകുന്ന, പൂച്ചകൾ 'മ്യാവു' കരയുന്ന, ശബ്ദം
അടുത്തു വരുന്നു...
ചുറ്റും നിറയുന്നു.

അമ്മ കുഞ്ഞിനു ചോറു കൊടുക്കുന്ന കൂട്ടത്തിൽ

പൂച്ചകൾക്കും
പ്രാവുകൾക്കും
ചോറും അരിമണികളും
കൊടുക്കുന്നു

ആദ്യം പാടിയ താരാട്ട് വീണ്ടും ആലപിക്കുന്നു.

ചുറ്റുമുള്ള പൂക്കളെ തഴുകുന്നു.
ചെടികൾക്ക് വെള്ളം നനയ്ക്കുന്നു...

താരാട്ട് അന്തരീക്ഷത്തിൽ
നിറയുന്നു...

അമ്മ പുറത്തുനോക്കി:
ഇന്ന് വാലന്റൈൻസ് ഡേയാണല്ലോ?
ആ വരുന്നത്
2 പ്രണയജോഡികൾ!
പേരുകൾ ചോദിക്കാം

മോന്റെ പേര്?

മറുപടി:
കൃഷ്ണൻ

മോളുടെയൊ?

മറുപടി:
സുഹ്‌റ...

മോന്റെ പേരോ?

മറുപടി:
പീറ്റർ

മോളുടെയോ?

മറുപടി:
രാധ

അമ്മ പൊട്ടിച്ചിരിച്ചു...

ധീരമായി ജീവിക്കടാ പിള്ളേരെ...
എന്തിനും കരുത്തായി
നമ്മുടെ ഭരണഘടനയുണ്ടല്ലോ?

പ്രണയജോഡികൾ അമ്മയോട്:

അമ്മയുടെ കുഞ്ഞിന്റെ പേര്?

അംബേദ്ക്കർ

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം അമ്മ വായിച്ചു കൊടുക്കുന്നു.

പ്രണയജോഡികൾ
ഏറ്റു പറയുന്നു...

Top