ഒരു ആഗസ്റ്റുമാസത്തിലെ മൂന്നാമത്തെ ആഴ്‌ച ഞാൻ പാറ്റ്നയിൽ പോകാനിടയായി. ആ ദിവസങ്ങളിൽ വടക്കൻ ബീഹാർ ദുരന്തപൂർണമായ കനത്ത വെള്ളപ്പൊക്കത്തിൽ മുങ്ങി അമർന്നു. എന്നാൽ ബീഹാറിൻ്റെ തലസ്ഥാന നഗരം അതിൽനിന്നെല്ലാം രക്ഷപ്പെട്ടു നിൽക്കുകയായിരുന്നു.
വടക്കൻ ബീഹാറിലെ പ്രമുഖ നഗരമായ ദർബംഗ്, ബാഗ്മതി നദി കരകവിഞ്ഞൊഴുകി. തുടർന്ന് ദർബംഗ് അക്ഷരാർത്ഥത്തിൽ വെള്ളത്തിനടിയിലായി. മൈഥിലി സംസ്‌കാരത്തിൻ്റെ ഹൃദയ ഭൂമികയാണ് ഈ നഗരം. റോഡുകൾ ഒലിച്ചുപോവുകയും വീടുകളിൽ ചെളിനിറയുകയും ചെയ്തു.
വെള്ളപ്പൊക്കത്തിന് ശമനമുണ്ടായെങ്കിലും റോഡിലും വീടുകൾക്കുള്ളിലും ഇടവഴികളിലും മുട്ടറ്റം വെള്ളമുണ്ടായിരുന്നു. അഴുക്കുചാൽ സംവിധാനമാകെ തകരാറിലായി. ഓവുചാലുകൾ കൈത്തോടുകളായി. വെള്ളം ഒഴുകിപ്പോകാനാവാതെ തളംകെട്ടി കിടന്നു. മലിനജലത്തിൽ പെറ്റുപെരുകിയ കൊതുകുകൾ രാത്രി മുഴുവൻ ആർത്തലച്ചു പറന്നു. മാരകമായ പകർച്ച വ്യാധികൾ, മലേറിയ, ഛർദ്യതിസാരം എന്നിവ എപ്പോഴും പൊട്ടിപ്പുറപ്പെടാം എന്ന സ്ഥിതിയായി.
വിപുലമായ തോതിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമങ്ങൾ പൗരസമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നത് എന്നെ വേദനിപ്പിക്കുകയും സംഭ്രമിപ്പിക്കുകയും ചെയ്‌തു. പ്രായമായവരുടെ ഓർമകളിൽപ്പോലും ഉണ്ടായിട്ടില്ലാത്തത്ര രൂക്ഷമായിരുന്ന ഈ ദുരന്തത്തെ, തലസ്ഥാന നഗരത്തിലെ ജനങ്ങൾ തീർത്തും അവഗണിച്ച മട്ടായിരുന്നു. അവരുടെ സൗഹൃദ സംഭാഷണങ്ങളിൽപ്പോലും അത് പരാമർശിക്കപ്പെട്ടില്ല.
പാറ്റ്ന നിവാസികളിൽ പകുതിപ്പേർക്കെങ്കിലും വടക്കൻ ബീഹാറുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടാകുമെന്നിരിക്കിലും ഈ ദുരന്തത്തെക്കുറിച്ച് ആർക്കും ഒരു ഉത്ക്കണ്ഠ ഉണ്ടായിരുന്നില്ല. രാഷ്ട്രീയ പാർട്ടികൾ തങ്ങളിലാവുന്നതെല്ലാം ചെയ്യാതെ ദുരന്തത്തെ ചൊല്ലി ഭരണത്തെ കുറ്റം പറയുക മാത്രം ചെയ്തു. ദുരന്തത്തിനിരയായ മനുഷ്യരുടെയും കന്നുകാലികളുടെയും എണ്ണത്തെച്ചൊല്ലി ചർച്ച പൊടിപൊടിച്ചു.
അറുന്നൂറിൽ താഴെ മനുഷ്യർ മരിച്ചതായും അറുന്നൂറിലധികം കന്നുകാലികൾ ചത്തതായും ഉള്ള കണക്കുകൾ അസംബന്ധമാണ്. പക്ഷേ ഈ ചർച്ച ചെയ്യുന്നവരൊക്കെ അപ്പോൾ എന്തു ചെയ്യുകയായിരുന്നു.
കൗമാരകാലത്തെ സ്മരണ
ഈ അനുഭവം എൻ്റെ ഓർമകളെ ആറുപതിറ്റാണ്ടിന് പിന്നിലേക്ക് കൊണ്ടുപോയി. കൃത്യമായി പറഞ്ഞാൽ 1943-ലേക്ക്. അക്കാലത്ത് ഞാൻ രാജസ്ഥാനിലെ അജ്‌മീറിൽ പന്ത്രണ്ടുകാരനായ വിദ്യാർത്ഥിയായിരുന്നു. അന്നൊരു നാൾ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ആറുപേരുള്ള ഒരു സംഘം, നഗരത്തിലെ പ്രമുഖമായ നയാബാസാറിലൂടെ മർച്ച് ചെയ്യുന്നത് ഞാൻ കണ്ടു. അവർ ഒരു വലിയ ബെഡ്ഷീറ്റ് നിവർത്തിപ്പിടിച്ചുണ്ടായിരുന്നു. കാൽനടക്കാരും കടക്കാരും റിക്ഷ വലിക്കുന്നവരുമെല്ലാം പരത്തിപ്പിടിച്ച ആ തുണിയിലേക്ക് പണം ഇട്ടുകൊണ്ടിരുന്നു.
അവർ ബംഗാൾ ക്ഷാമത്തെക്കുറിച്ചുള്ള പാട്ടുകൾ പാടി. ബംഗാളിൽ പട്ടിണി കിടക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് ദുരിതാശ്വാസപ്രവർത്തനം നടത്താൻ വളരെ അകലെ കിടക്കുന്ന രാജസ്ഥാൻ - പട്ടണത്തിൽ നിന്ന് ഫണ്ട് ശേഖരിക്കുകയായിരുന്നു അവർ.
ഈ ആറുപതിറ്റാണ്ടിനുശേഷവും അതിലെ ഒരു പാട്ട് ഞാൻ ഓർക്കുന്നു.
ഭുക്കാ ഹെ ബംഗാൾ സാത്തി,
ഭുക്കാ ഹെ ബംഗാൾ...
(ബംഗാളിന് വിശക്കുകയാണ്, കൂട്ടുകാരേ
ബംഗാൾ വിശക്കുകയാണ്...)
സ്‌കൂളിൽ പഠിക്കുമ്പോൾ എനിക്ക് അര അണ പോക്കറ്റുമണിയായി ദിവസവും കിട്ടുമായിരുന്നു. ഇപ്പോഴത്തെ മൂന്നുപൈസയ്ക്ക് തുല്യം. കീശയിൽ നിന്നും അക്കാലത്തെ അഞ്ച് ഒരു വലിയ സംഖ്യ ഞാൻ വിരിച്ചുപിടിച്ച ആ തുണിയിലേക്കിട്ടു.
- നല്ലവരായ ഈ മനുഷ്യർ ആരാണ്. ഞാൻ അതിശയപ്പെട്ടു.
അവർ നന്നായി വസ്ത്രം ധരിച്ച ഇടത്തരക്കാരല്ല; വിദ്യാർത്ഥികളുമല്ല. റെയിൽവേ ഗാരേജ് വർക് ഷോപ്പിലെ തൊഴിലാളികളായിരുന്നു അവർ.
രാജസ്ഥാനിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാനും ഇപ്റ്റ എന്നറിയപ്പെട്ട ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ്റെ ഒരു യൂണിറ്റ് രൂപീകരിക്കാനും കെ ബി പണിക്കറിനെയാണ് അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര നേതൃത്വം അയച്ചത്. പി സി ജോഷിയായിരുന്നു അന്ന് പാർട്ടി ജനറൽ സെക്രട്ടറി.
ഇപ്റ്റയുടെ ഈ യൂണിറ്റാണ് ആ നഗരത്തിൽ നിന്ന് പതിനായിരം രൂപ ദുരിതാശ്വാസത്തിനായി പിരിച്ചെടുക്കാൻ സ്വയം സന്നദ്ധമായത്. അക്കാലത്ത് ഇതൊരു രാജോചിത തുകയായിരുന്നു.
ഇപ്റ്റയുടെ സംഘം എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് തെരുവുകൾ തോറും നടന്ന് രണ്ടുമാസത്തിനിടെ തുക ശേഖരിച്ചു. അർധ സാക്ഷരരും തുച്ഛവരുമാനക്കാരുമായ ഈ തൊഴിലാളികൾ രാജ്യത്തിൻ്റെ വിദൂരമായ ഒരു മൂലയിലുള്ള തങ്ങളുടെ വിശക്കുന്ന സോദരരോട് പരിഗണനയും താല്പ്‌പര്യവും പ്രകടപ്പിക്കുകയായിരുന്നു. അവരിൽ പലരും കൽക്കത്തയെപ്പറ്റി കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല.
എന്റെ ജീവിതത്തെ വഴിതിരിച്ചുവിട്ട ആ ദിനത്തിൽ പരിപാടി അവസാനിക്കും വരെയും ഞാൻ അവരെ പിന്തുടർന്നു. ഞാൻ അവരോട് ബംഗാളിനോടും ക്ഷാമത്തെപ്പറ്റിയും ചോദിച്ചറിഞ്ഞു. അജ്‌മീറിലെ മറ്റ് ഏവരെയും പോലെ തന്നെ ഞാനും അതേപ്പറ്റി കേട്ടിരുന്നില്ല.
വിശന്നുപൊരിഞ്ഞ അമ്മ, തങ്ങളുടെ മരിച്ച മക്കളുടെ ശവം തിന്നുന്ന ഹൃദയഭേദകമായ കഥകൾ അവർ ഞങ്ങളോട് പറഞ്ഞു. അത്തരം കഥ പറയുമ്പോൾ അവർ കരയുകയും വേദനയാലും ദുഃഖത്താലും അവരുടെ ശബ്ദം വിറകൊള്ളുകയും ചെയ്തിരുന്നു. ഇത് എന്നെ വല്ലാതെ സ്‌പർശിച്ചു. ഞാനും അവർക്കൊപ്പം കരഞ്ഞുപോയി.
ആ ദിവസത്തിനുശേഷം ഞാനും ആ സംഘത്തിലെ ഒരംഗമായി. ഇപ്റ്റയുമായുള്ള എൻ്റെ അടുപ്പം അതോടെ തുടങ്ങി. ഇന്ന് ഏറെ വൈകാരിതയോടെയും അതിയായ ആദരവോടേയും ഞാൻ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് ഇപ്റ്റ.