എന്റെ നിശബ്ദത ഒരു ചികിത്സാലയമാണു
ചിലപ്പോഴൊക്കെ നിന്റെയൊരു നോട്ടംകൊണ്ട്
അതല്ലെങ്കിൽ അശ്രദ്ധകൊണ്ട്
ആകെ രക്താഭിഷിതമായ എന്റെ വാക്കുകൾ
അവിടെ മൃതപ്രായരായി നിന്നേയുംകാത്ത് കിടക്കും ...
മിക്കപ്പോഴും നേരംവൈകിയാണ്
ഒരുതോന്നലിൽനിന്നു നീയെത്തുന്നത്.
ഏതെങ്കിലുമൊരു നിമിഷത്തിൽ
നിന്റെ കണ്ണൊന്നുടക്കുംവരെ
മരണത്തിനും നിനക്കുമിടയിലാണ് അപ്പോഴൊക്കെ ഞാൻ.
നീ തുന്നിച്ചേർത്ത ഈ പുതിയ കവിതപോലും
പണ്ട് നിന്നോടുള്ള നിശബ്ദതയിൽ
ഞാൻ സൂക്ഷിച്ച അതേവാക്കുകൾ തന്നെയാണ് -