ക്ലാസ്സ്മുറിയിൽ ബംഗ്ലാവും കൂരയും
രണ്ടുകുട്ടികൾ കൊണ്ടുവന്നു
ബംഗ്ലാവിന്റെ മതിലിൽ 'പാലസ് ഹട്ട്'
എന്ന് തങ്കലിപികളിൽ കാണാം
കൂരയ്ക്ക് കൂരതന്നെ ധാരാളമായിരുന്നു.
കൂരയേക്കാൾ വലിയവീടുള്ള ബംഗ്ലാവിലെ നായ
മിക്കവാറും മിണ്ടാതെ കിടക്കുമ്പോൾ
കൂരയിലെ എല്ലുംതോലുമായ പട്ടി
കുരയ്ക്കും,വാലാട്ടും,കരയുകവരെ ചെയ്യും
കുട്ടികൾക്ക് രണ്ടുവീടും കൗതുകമായിരുന്നു
പക്ഷെ പ്രാക്ടിക്കലിന് മാഷിന്റെ മാർക്ക്
കൂരയ്ക്കായിരുന്നു.
സാറ് കമ്യൂണിസ്റ്റാണെന്ന് കുട്ടി ബംഗ്ലാവിൽ പറഞ്ഞു
അപ്പോഴേക്കും സാറിനു കോളെത്തി
ഒരു കൂരയിൽ എന്താണുള്ളത് ?
"ഒന്നും കാണാൻ കഴിയാത്ത വലിയ മതിലവിടില്ല"
പിറ്റേന്നുച്ചയ്ക്ക് ബംഗ്ലാവിലെ കുട്ടി കൂരയിലെ കുട്ടിയോട്
അമ്മയിന്നെനിക്ക് തന്നുവിട്ടത്
നിന്നോട് പങ്കുവെക്കാനുള്ള സ്‌നേഹമാ.
ഒരുചോറ്റുപാത്രത്തിൽ
രണ്ടുകൈകൾ ഇടംകണ്ടെത്തുമ്പോൾ
വലിയ മതില് നീണ്ടുനീണ്ട് എല്ലാം ഒരതിരിലാക്കി.