Literature photo

മഴയിലുംകൂടുതൽ വെളിച്ചത്തെസ്നേഹിച്ചു വരണ്ടുപോയനദികൾ Poem



വാക്കുകൾ പ്രേതങ്ങളായിയലയുന്ന
മൗനപുസ്തകത്തിലാണുഞാൻ
നിന്നെ മയിൽ‌പ്പീലിയായി സൂക്ഷിച്ചത്.

ഇരുട്ടിനിത്രനിറങ്ങളുണ്ടെന്നു 
നീപറഞ്ഞ സ്വപ്നങ്ങൾ
വെളിച്ചംനൂഴ്ന്നിറങ്ങി വെറുംകാഴ്ചയാകുമ്പോൾ
അടരുന്നു ,
പലനിറമുള്ള പ്രണയശലഭങ്ങൾ...

എന്റെ ഹൃദയത്തിലൊരുപ്പുഴയുടെ  ഭൂതകാലം
 കാഴ്ചയുടെമേലേപ്പരന്നൊഴുകുന്നു...
ഒഴുക്കിൽ നമുക്ക് നമ്മളെനഷ്ടമാകുന്നു. മഴയത്ത്,
ഒന്നൊളിക്കാതെ നനഞ്ഞവൃക്ഷങ്ങൾ
പിന്നത്തെവേനലിൽ തുരുമ്പിച്ചു ;
 മരമുണങ്ങി ,ഇലകൾ കൂടൊഴിഞ്ഞു
കരിയിലകളിൽ കാലമോർമ്മയായിച്ചുരുണ്ടു.
ദീപവുംപൂക്കളുമിറുത്തു 
ചേക്കേറുവാനൊരുഹൃദയമില്ലാതെ കാറ്റലയുന്നു.

വേനലിൽവരണ്ടപുഴയുടെ
മണലിലെഴുതാനിടമുണ്ടെങ്കിലും 
 കൂട്ടുകാരി,
 നമുക്കിടയിലെച്ചുവരിൽ
 നിന്നെക്കോറിയിടാനാണെനിക്കിഷ്ട്ടം ...-

Top